Sunday, October 11, 2009

ചിലവു ചുരുക്കല്‍ മാമാങ്കം!

നല്ല ചുള്ളന്‍ ചെക്കനാണ്. കാണാനും അതെ, സ്വഭാവത്തിലും അതെ. പക്ഷെ ഒരു കുഴപ്പമുണ്ട്. പറയുന്നതും ചെയ്യുന്നതും തമ്മില്‍ ഒരുമാതിരി മോരും മുതിരയും തമ്മിലുള്ള കോമ്പിനേഷന്‍ പോലാണ്. പറഞ്ഞു വരുന്നത് ഇന്ത്യന്‍ യുവത്വത്തിന്റെ ശുഭ പ്രതീക്ഷയായ സാക്ഷാല്‍ ശ്രീമാന്‍ രാഹുല്‍ജിയെ കുറിച്ചു തന്നെയാണ്. വിദ്വാന്‍ അങ്ങ് ഡെല്‍ഹിയില്‍ ഉണ്ടാക്കിയ പുകില്‍ പെറ്റ തള്ള മറന്നാലും ശശിതരൂര്‍ തൊട്ടുള്ള ഒരു കോര്‍പറേറ്റ് മന്ത്രിയും സഹിക്കൂല്ല എന്നത് നൂറ് തരം! ഒരുകാര്യവും ഇല്ലാതെ അടങ്ങിയിരുന്ന ശശിസാറിനെക്കൊണ്ട് കാലിത്തൊഴുത്തെന്ന് പ്രയോഗിപ്പിച്ചത് ഈ വിദ്വാന്റെ തലയില്‍ ഉദിച്ച പ്രായോഗിക രാഷ്ട്രീയ ബുദ്ധിയുടെ സൈഡ് ഇഫക്റ്റല്ലായിരുന്നോ? പ്രണബ്സാറിന് പരിചയവും ഇരുത്തവും ഉള്ള സ്ഥിതിക്ക് ഇത്തിരികൂടെ ആലോചിച്ച് ചിലവ് ചുരുക്കല്‍ ചീന ചട്ടിയില്‍ കൈവച്ചാല്‍ മതിയായിരുന്നു. അമ്പലം വിഴുങ്ങികളായ താപ്പാനകള്‍ ചുറ്റിലും ഇരിക്കുമ്പോള്‍ ഇമ്മാതിരി തലതിരിഞ്ഞ ഏര്‍പ്പാടുകളൊന്നും ശരിയാവില്ല സാറേ! ഒരു നല്ലകാര്യവും ചെയ്യാന്‍ സമ്മതിക്കില്ല ഈ വര്‍ഗ്ഗം!

ആരെതിര്‍ത്താലും ഇല്ലെങ്കിലും ചിലവു ചുരുക്കല്‍ ഏര്‍പ്പാട് പൊതുജനത്തിന് ശ്ശി ബോധിച്ചു എന്നതാണ് സത്യം! പക്ഷെ ഇതു മറ്റൊരു ധൂര്‍ത്തിനു മുമ്പേയുള്ള സാമ്പിള്‍ വെടിക്കെട്ടാണെന്ന് ആരെങ്കിലും അറിഞ്ഞൊ? സോണിയാ ജി കന്നുകാലി വണ്ടിയില്‍ പോയത് കൊണ്ട് ഇന്ത്യാമഹാരാജ്യത്തിനുണ്ടായ ചിലവ് നമ്മള്‍ സഹിച്ചേ മതിയാവൂ. ലോകത്തിലെ ഏറ്റവും ശക്തയായ വനിതകളുടെ കൂട്ടത്തില്‍ സ്ഥാനം പിടിച്ചവര്‍ക്കുള്ള പൊതു ജനത്തിന്റെ പാരിദോഷികം ആവട്ടെ അത്. പക്ഷെ ഈ പയ്യന്‍സും ഇങ്ങിനെ തുടങ്ങിയാല്‍...ഇനി ഇതിന്റെ ചുവടു വച്ച സര്‍വ്വ മന്ത്രി-തന്ത്രി-പരിചാരക വൃന്തങ്ങളും തുനിഞ്ഞിറങ്ങിയാല്‍ പൊതു ജനം ക്ലച്ചുപോയ വണ്ടിപോലെ പെരുവഴിയില്‍ കിടന്നുപോകുമേ സാറന്മാരേ.

മുല്ലപ്പള്ളി സാറിനും രവി സാറിനും എന്നും ഒരേ പരാതിയേ ഉള്ളൂ..കേരളം എന്നും കേന്ദ്രത്തോട് നന്ദികേട് മാത്രമേ കാണിക്കുന്നുള്ളൂ. എത്ര പറഞ്ഞാലും മനസ്സിലാവില്ല ഇവിടത്തെ ഇടതന്മാര്‍ക്ക്. മണിയടിച്ചു നിന്ന പലരും പലതും നേടി. കേരളം ഇപ്പോഴും കൊലവിളി മാത്രമേ നടത്തുന്നുള്ളൂ..അനുസരണ എന്നൊന്ന് തൊട്ട് തെറിച്ചിട്ടില്ല. ആസിയാന്‍ ആയാലും, വല്ലാര്‍പ്പാടം ആയാലും, പുതിയ എന്ത് കുരിശിറക്കിയാലും എതിര്‍ക്കും എന്നിട്ട് ചങ്ങലകെട്ടിയും മതിലു പണിതും പേടിപ്പിക്കാന്‍ നോക്കും! രാഹുല്‍ സാറ് പോക്കറ്റില്‍ നിന്ന് നയാപൈസ ചിലവാക്കാതെ (അങ്ങനെയെങ്കിലും ചിലവു ചുരുക്കലിനെ ഒന്നു മോടിപിടിപ്പിച്ചെടുക്കാം)കേരളത്തില്‍ ലാന്റ് ചെയ്തു. വന്നതു നല്ല കിടു വിമാനത്തില്‍, കേരളത്തിലെ സെറ്റപ്പൊന്നും തീരെ പിടിക്കാത്തത് കൊണ്ട് വരുമ്പോ ഒരു കാറും കൂടെ കൊണ്ടു പോന്നു. ഒരു ദുരന്തമുണ്ടായപ്പോ കേരള മുഖ്യന്‍ നെഞ്ചിലടിച്ചു വിളിച്ചു പറഞ്ഞിട്ടും ആന്റ്ണിസാര്‍ അനങ്ങിയോ? അങ്ങനെ കണ്ട അണ്ടനും അടകോടന്റെം ചവം പേറാനുള്ളതല്ല എന്റെ വിമാനങ്ങള്‍ എന്ന് പതിവ് ശൈലിയില്‍ വളച്ചൊടിച്ച് പറഞ്ഞില്ലേ. ഇങ്ങിനെ വേണം ! പറയാനുള്ളത് ഏത് മുഖ്യനോടും പറഞ്ഞേക്കണം. രാഹുല്‍ജിയുടെ കാമ്പസ് പര്യടനത്തിന് വെറും രണ്ടു കോടി മാത്രമേ ചിലവായുള്ളൂ. കേരളം കേന്ദ്രത്തോട് ഇനിയും നന്ദികേട് കാട്ടരുത്. ഭാവിയില്‍ ഇന്ത്യയെ നയിക്കേണ്ടവരെ തേടിയുള്ള യാത്രയിലാണ് രാഹുല്‍. അതിനേക്കാള്‍ വലുതാണോ ചത്തു മണ്ണടിഞ്ഞ കുറേ ഇരുകാലികള്‍! മാധ്യമപ്പട കോള്‍മയിര്‍ക്കൊള്ളട്ടേ...ബോട്ട് മുക്കിയത് ഇടത് മന്ത്രിസഭയാണെന്നും എഴുതട്ടേ...എന്നാലും കേന്ദ്രന്മാരുടെ ഇമ്മാതിരി തരംതാണ വേലകള്‍ക്ക് ചൂട്ടു പിടിക്കുന്നത് നിര്‍ത്തരുത്!

3 comments:

  1. രാഹുല്‍ജിയുടെ കാമ്പസ് പര്യടനത്തിന് വെറും രണ്ടു കോടി മാത്രമേ ചിലവായുള്ളൂ. കേരളം കേന്ദ്രത്തോട് ഇനിയും നന്ദികേട് കാട്ടരുത്. ഭാവിയില്‍ ഇന്ത്യയെ നയിക്കേണ്ടവരെ തേടിയുള്ള യാത്രയിലാണ് രാഹുല്‍. അതിനേക്കാള്‍ വലുതാണോ ചത്തു മണ്ണടിഞ്ഞ കുറേ ഇരുകാലികള്‍! മാധ്യമപ്പട കോള്‍മയിര്‍ക്കൊള്ളട്ടേ...ബോട്ട് മുക്കിയത് ഇടത് മന്ത്രിസഭയാണെന്നും എഴുതട്ടേ...എന്നാലും കേന്ദ്രന്മാരുടെ ഇമ്മാതിരി തരംതാണ വേലകള്‍ക്ക് ചൂട്ടു പിടിക്കുന്നത് നിര്‍ത്തരുത്!

    ReplyDelete
  2. ഇതിന്റെ കൂടെ വേണേല്‍ ദാണ്ടെ ഇതും വായിക്കാം:

    http://timesofindia.indiatimes.com/india/For-5-hrs-cops-kept-waiting-for-copter-that-was-with-politician/articleshow/5107990.cms

    നാടിന്റെ ഭാവി നിര്‍ണയിക്കാനുള്ള തെരഞ്ഞെടുപ്പല്ലേ... ഹെലികോപ്റ്ററല്ല, വേണ്ടിവന്നാല്‍ വിമാനത്തില്‍ തന്നെ വന്നിറങ്ങും, ജനത്തെ ‘സേവിക്കാന്‍’... ഹല്ല പിന്നെ...! എന്തോ... പോലീസുകാരു ചാകുന്നെന്നോ... ചത്തു തൊലയട്ടെടേയ്... ലവന്മാരൊക്കെ ജീവനോടെ ഉണ്ടായിട്ടും വലിയ പ്രയോജനമൊന്നുമില്ല. വഴിയില്‍ കാണുമ്പോള്‍ ഒരു സല്യൂട്ട് കിട്ടുമെന്നല്ലാതെ...!

    ങാ... ഇന്ന് എവിടെയാ അടുത്ത യോഗം? വിമാനം റെഡിയല്ലേ? എന്ത്? അവിടെ ഹെലിപ്പാഡ് റെഡിയായില്ലെന്നോ? സാരമില്ല. ഒരു മുന്നൂറ് മീറ്റര്‍ അപ്പുറം സ്കൂള്‍ മൈതാനത്ത് ഇറക്കാം. എന്നിട്ട് നടന്നു പോകാമെന്നേയ്... ചെലവ് ചുരുക്കണ്ടേ...?

    ReplyDelete
  3. Raashtreeyakkaarokke inganaanu mashe...

    ReplyDelete