Sunday, September 27, 2009

ക്രൂശിതരേ ഇതിലേ ഇതിലേ...

എസ് കത്തി കൊണ്ട് കളിച്ചവരൊക്കെ പൊല്ലാ‍പ്പായി കിടക്കുവാണിപ്പോള്‍. ഏഷ്യാനെറ്റ് കൊല്ലന്റെ ആലയില്‍ പോയി കത്തി മിനുക്കുന്നത് ലൈവ് ആയി പകര്‍ത്തിയ മട്ടില്‍ പൊളപ്പന്‍ ഡയലോഗുമായി വന്നപ്പോള്‍ കൈരളി ചേട്ടന്മാര്‍ അടങ്ങിയിരിക്കുവോ? കൊല്ലനെയും കൊല്ലന്റച്ചനെയും അപ്പൂപ്പന്മാരെയും ഒക്കെ നിരത്തി നിര്‍ത്തി ക്ഷ, ണ്ണ എന്നെഴുതിച്ചിട്ടേ അവരും വിട്ടുള്ളൂ..
എല്ലാ ദിവസവും രണ്ട് നേരം കുളിക്കുകയും ഒരു മൂന്നു പത്രമെങ്കിലും വായിക്കുകയും ചെയ്യുന്ന പാവം മലയാളി എന്തു പിഴച്ചു...പുലര്‍ച്ച എണീറ്റ് ശോധനയ്ക്കൊരു കട്ടനും അടിച്ച് തിരിഞ്ഞു നോക്കിയപ്പോള്‍ മലയാള ഭാഷയെ സ്നേഹിക്കുന്ന സര്‍വ്വ മനുഷ്യരും ചെവിയില്‍ ചെമ്പരത്തിപ്പൂവും വച്ച് തലയും ചൊറിഞ്ഞോണ്ട് നടക്കുന്ന കാഴ്ചയാണ് കാണേണ്ടി വരുന്നത്. അമ്മാതിരി അമിട്ടല്ലേ ഒരോ ദിവസവും പൊട്ടിക്കുന്നത്!

സ്വദേശാഭിമാനിയെ നാടുകടത്തിയ മഹാന്മാരും പിന്മുറക്കാരുമൊക്കെ മലയാളത്തിലെ സൌന്ദര്യധാമങ്ങളായ മാധ്യമ പ്രണയിനികളോടൊത്ത് തേക്കുംകാട്ട് മൈതാനത്തും, പ്രസ് ക്ലബ്ബിലും ഒക്കെ പാത്തും പതുങ്ങിയും നടക്കുന്നത് കാണുമ്പോള്‍ എന്‍ പ്രാണന്‍ കോള്‍മയിര്‍ കൊണ്ടെന്നു പറഞ്ഞു പോയാല്‍...അത് തെറ്റാവില്ല!ഇതൊക്കെ ഉറക്കെ വിളിച്ചു പറയാന്‍ ഇപ്പൊ ഒരു പേടിയാ... പിണറായിയുടെ ചാവേര്‍ എന്നും വിളിച്ചു പേന വച്ച് ചുരണ്ടിക്കളഞ്ഞാലോ!!

ഒരുകാര്യം സത്യാണെന്നിപ്പോ എല്ലാര്‍ക്കും മനസ്സിലായി...കേരളത്തില്‍ മാധ്യമ സിണ്ടിക്കേറ്റ് എന്നൊരു സംഭവമേ ഇല്ല. കാരണം ഒരു പാവം ദേശാഭിമാനിയും (അതും ബോണ്ടിന്റെയും പോളിന്റെയും സ്വന്തം) കൈരളിയും ഒഴിച്ചാല്‍ സര്‍വ്വരും ഒരേ വാര്‍ത്ത വെടിപ്പോടെ കൊടുക്കുമ്പോള്‍...എന്തതിശയമേ ദൈവത്തിന്‍ സ്തുതിയേ എന്ന് കണ്ണൂം പൂട്ടി വിളിക്കുന്നതാ സെയ്ഫ്. ഇതൊക്കെ പറഞ്ഞാല്‍ ഇവിടാര്‍ക്കെങ്കിലും മനസ്സിലാവണ്ടേ...നമ്മുടെ ഡോകടറുടെ വാക്ക് കടമെടുത്താല്‍ കോടതിയും ഇപ്പൊ പിണറായിയുടെ ചാവേറായോ ആവോ? മാധ്യമങ്ങള്‍ അവരു പണി ചെയ്യണമെന്ന് കോടതി പറഞ്ഞത്, വീറുറ്റ മാധ്യമ പുലികള്‍ കണ്ടില്ലെങ്കിലും മറ്റു പലരും കണ്ടു. പണ്ട് ഒരു പാര്‍ട്ടി കമ്മറ്റിയില്‍ മോന്റെ പേര്‍ നിര്‍ദേശിക്കുന്നതിന് തൊട്ടു മുന്നെ ഒരു അച്ഛനു വന്ന മൂത്ര ശങ്ക കേരളത്തിലെ സര്‍വ്വ പുലികള്‍ക്കും ഒരേ സമയത്ത്! അവരൊന്നും കണ്ടില്ല കേട്ടില്ല! അതിന്റെ പിറ്റേന്ന് പിണറായി സഖാവും ഒരിത്തിരി കൂടി കടന്ന് ചോദിച്ചു...നിങ്ങള്‍ക്കെന്താ കൊമ്പുണ്ടോ?...ഉത്തരമായി പറയാന്‍ സത്യത്തിന്റെ കൊമ്പൊന്നും തപ്പി നോക്കിയിട്ട് പൊടിയ്ക്കു പോലും കാണാഞ്ഞപ്പോള്‍ തലയില്‍ നിക്കറുമിട്ട്, അന്തിക്കമ്മിറ്റി കൂടി ലവനെ എഴുതി നാറ്റിച്ചു കളഞ്ഞാലോ എന്നാ‍യി ആലോചന!

അങ്ങനെ പൊല്ലാപ്പുകള്‍ ഒക്കെ ഉണ്ടാക്കിയിട്ട് നമ്മുടെ നാലാം തൂണ്‍ നെടും തൂണായി...എസ് കത്തിയും കാരീ കൂരീ തുടങ്ങിയ ഉഗ്രജീവികളും പത്രത്തിന്റെ ഏക്കര്‍ കണക്കിന്‍ പുറമ്പോക്ക് കയ്യേറിയിട്ടും, പേരിനെങ്കിലും, നമ്മുടെ പോളച്ചനെന്തിനാ ഗുണ്ടാപടയെ കൂട്ടി വേട്ടയ്ക്കിറങ്ങിയതെന്ന് ഒരു സര്‍വ്വേരി കുറ്റി പോലെയെങ്കിലും നാട്ടാന്‍ ഒരാള്‍ക്കും തോന്നാതിരുന്നതും നേരത്തെ പറഞ്ഞ സിണ്ടിക്കേറ്റ് പരിപാടി തീരെ ഇല്ലാതിരുന്നത് കൊണ്ട് തന്നെ!

ഇതൊക്കെ കഴിഞ്ഞപ്പോഴാണ്, അമൃതവര്‍ഷം പോലെ വേറോരു പോളിനെ കിട്ടിയത്...തിരിച്ചും മറിച്ചും ഉരച്ചും നോക്കി...പണ്ട് പിണറായിയും കൂട്ടരും കൊണ്ടു നടന്ന ഒറിജിനല്‍ പോള്‍ തന്നെയല്ലേ ഇതെന്ന്! പിന്നെ കാരി കൂരിയൊക്കെ ഔട്ട്! ചിലര്‍ക്കങ്ങനെയാ..കിട്ടരുതാത്തത് കിട്ടിക്കൊണ്ടിരിക്കുമ്പോള്‍ അസ്കിത കൂടും. പണ്ട് എം,എന്‍ വിജയന്മാഷിനെ കൊണ്ട് ചക്രശ്വാസം വലിപ്പിച്ച അതേ ലൈനിലാണ് ജനാധിപത്യത്തെ പാര്‍ട്ടിയെന്ന ചട്ടക്കൂടിനുള്ളില്‍ നിന്നും മോചിപ്പിക്കാനിറങ്ങിയ മാധ്യമ പുംഗവന്മാര്‍ സെബാസ്റ്റ്യന്‍ പോളിനെക്കൊണ്ടും പറയിപ്പിച്ചു കൊണ്ടിരിക്കുന്നത്.മാധ്യമങ്ങളെ മേശയില്‍ ആണീയിട്ടുറപ്പിച്ച് ഡിസക്ഷന്‍ ചെയ്തു പഠിച്ച ഡോക്ടര്‍ക്ക് ഈ കളിയുടെ പിന്നാമ്പുറം അറിയാഞ്ഞിട്ടാണോ?

കോടിയേരി പോലീസ്, ഒറ്റ കാര്യമേ പറഞ്ഞുള്ളൂ...ലോകത്തിലെ സര്‍വ്വതിന്റെയും തെളിവുകള്‍ ഉണ്ടെന്നും പറഞ്ഞു ലക്ഷക്കണക്കിനു കോപ്പി സര്‍ക്കുലേഷനുണ്ടെന്നു പറഞ്ഞ് (ആടും പശുവും തിന്നെന്നോ തിന്നില്ലേന്നോ ഒക്കെ പറഞ്ഞ്) നടക്കുന്നവരുടെ കൈയില്‍ നിന്നും കേസുകള്‍ക്കുള്ള തെളിവുകള്‍ സ്വീകരിക്കാനുള്ള ഒരു സെറ്റപ്പ് ഉണ്ടാക്കണം. അതു കേട്ടപ്പോ, തുടങ്ങിയില്ലേ ഇളക്കം. ഇല്ലാത്ത തെളിവ് എവിടുന്നുണ്ടാക്കാന്‍?

കാരണവര്‍ക്ക് അടുപ്പിലും തൂറാം, എന്നാക്കിക്കൂടെ ഇനി മലയാള മാധ്യമങ്ങളുടെ ടേഗ് ലൈന്‍!

2 comments:

  1. കാരണവര്‍ക്ക് അടുപ്പിലും തൂറാം, എന്നാക്കിക്കൂടെ ഇനി മലയാള മാധ്യമങ്ങളുടെ ടേഗ് ലൈന്‍!

    ReplyDelete
  2. 'കോടിയേരി പോലീസ്, ഒറ്റ കാര്യമേ പറഞ്ഞുള്ളൂ...ലോകത്തിലെ സര്‍വ്വതിന്റെയും തെളിവുകള്‍ ഉണ്ടെന്നും പറഞ്ഞു ലക്ഷക്കണക്കിനു കോപ്പി സര്‍ക്കുലേഷനുണ്ടെന്നു പറഞ്ഞ് (ആടും പശുവും തിന്നെന്നോ തിന്നില്ലേന്നോ ഒക്കെ പറഞ്ഞ്) നടക്കുന്നവരുടെ കൈയില്‍ നിന്നും കേസുകള്‍ക്കുള്ള തെളിവുകള്‍ സ്വീകരിക്കാനുള്ള ഒരു സെറ്റപ്പ് ഉണ്ടാക്കണം. അതു കേട്ടപ്പോ, തുടങ്ങിയില്ലേ ഇളക്കം.'

    രണ്ടീസം കയിഞ്ഞപ്പോ ഞമ്മന്റെ മുല്ലപ്പള്ളിപ്പോലീസ് പറഞ്ഞ്, അങ്ങ് ഹിമാലയത്തിലെങ്ങാണ്ട് ചൈനക്കാരു വെടി പൊട്ടിച്ചെന്ന് കതയെയ്തിയ പത്രശെയ്ത്താന്മാരെ കോടതി കേറ്റുംന്ന്... തെളിവും കുണ്ടാമണ്ടീമൊക്കെ പൊതിഞ്ഞുകെട്ടിയെടുത്ത് കോടതീലോട്ട് പോരെടേയ്ന്ന്... മാധ്യമസ്വാതന്ത്ര്യത്തിന്റെ അസ്കിത ശ്ശി കാര്യായിറ്റ് ണ്ടായിരുന്ന ശിങ്കങ്ങള്‍ക്ക് ഹാലിളക്കം പോയിട്ട് വയറ്റിളക്കം പോലുമില്ല! മാധ്യമസ്വാതന്ത്ര്യത്തിന്റെ (അടിയന്തരാവസ്ഥയോ? അതെന്തൂട്ട് അവസ്തയാ?) നവ അപ്പോസ്തലന്മാരായ ചാണ്ടിച്ചായനും രമേശേട്ടനുമൊന്നും ഇപ്പോ ഈ നാട്ടുകാരേയല്ല!

    ReplyDelete