Sunday, October 11, 2009

ചിലവു ചുരുക്കല്‍ മാമാങ്കം!

നല്ല ചുള്ളന്‍ ചെക്കനാണ്. കാണാനും അതെ, സ്വഭാവത്തിലും അതെ. പക്ഷെ ഒരു കുഴപ്പമുണ്ട്. പറയുന്നതും ചെയ്യുന്നതും തമ്മില്‍ ഒരുമാതിരി മോരും മുതിരയും തമ്മിലുള്ള കോമ്പിനേഷന്‍ പോലാണ്. പറഞ്ഞു വരുന്നത് ഇന്ത്യന്‍ യുവത്വത്തിന്റെ ശുഭ പ്രതീക്ഷയായ സാക്ഷാല്‍ ശ്രീമാന്‍ രാഹുല്‍ജിയെ കുറിച്ചു തന്നെയാണ്. വിദ്വാന്‍ അങ്ങ് ഡെല്‍ഹിയില്‍ ഉണ്ടാക്കിയ പുകില്‍ പെറ്റ തള്ള മറന്നാലും ശശിതരൂര്‍ തൊട്ടുള്ള ഒരു കോര്‍പറേറ്റ് മന്ത്രിയും സഹിക്കൂല്ല എന്നത് നൂറ് തരം! ഒരുകാര്യവും ഇല്ലാതെ അടങ്ങിയിരുന്ന ശശിസാറിനെക്കൊണ്ട് കാലിത്തൊഴുത്തെന്ന് പ്രയോഗിപ്പിച്ചത് ഈ വിദ്വാന്റെ തലയില്‍ ഉദിച്ച പ്രായോഗിക രാഷ്ട്രീയ ബുദ്ധിയുടെ സൈഡ് ഇഫക്റ്റല്ലായിരുന്നോ? പ്രണബ്സാറിന് പരിചയവും ഇരുത്തവും ഉള്ള സ്ഥിതിക്ക് ഇത്തിരികൂടെ ആലോചിച്ച് ചിലവ് ചുരുക്കല്‍ ചീന ചട്ടിയില്‍ കൈവച്ചാല്‍ മതിയായിരുന്നു. അമ്പലം വിഴുങ്ങികളായ താപ്പാനകള്‍ ചുറ്റിലും ഇരിക്കുമ്പോള്‍ ഇമ്മാതിരി തലതിരിഞ്ഞ ഏര്‍പ്പാടുകളൊന്നും ശരിയാവില്ല സാറേ! ഒരു നല്ലകാര്യവും ചെയ്യാന്‍ സമ്മതിക്കില്ല ഈ വര്‍ഗ്ഗം!

ആരെതിര്‍ത്താലും ഇല്ലെങ്കിലും ചിലവു ചുരുക്കല്‍ ഏര്‍പ്പാട് പൊതുജനത്തിന് ശ്ശി ബോധിച്ചു എന്നതാണ് സത്യം! പക്ഷെ ഇതു മറ്റൊരു ധൂര്‍ത്തിനു മുമ്പേയുള്ള സാമ്പിള്‍ വെടിക്കെട്ടാണെന്ന് ആരെങ്കിലും അറിഞ്ഞൊ? സോണിയാ ജി കന്നുകാലി വണ്ടിയില്‍ പോയത് കൊണ്ട് ഇന്ത്യാമഹാരാജ്യത്തിനുണ്ടായ ചിലവ് നമ്മള്‍ സഹിച്ചേ മതിയാവൂ. ലോകത്തിലെ ഏറ്റവും ശക്തയായ വനിതകളുടെ കൂട്ടത്തില്‍ സ്ഥാനം പിടിച്ചവര്‍ക്കുള്ള പൊതു ജനത്തിന്റെ പാരിദോഷികം ആവട്ടെ അത്. പക്ഷെ ഈ പയ്യന്‍സും ഇങ്ങിനെ തുടങ്ങിയാല്‍...ഇനി ഇതിന്റെ ചുവടു വച്ച സര്‍വ്വ മന്ത്രി-തന്ത്രി-പരിചാരക വൃന്തങ്ങളും തുനിഞ്ഞിറങ്ങിയാല്‍ പൊതു ജനം ക്ലച്ചുപോയ വണ്ടിപോലെ പെരുവഴിയില്‍ കിടന്നുപോകുമേ സാറന്മാരേ.

മുല്ലപ്പള്ളി സാറിനും രവി സാറിനും എന്നും ഒരേ പരാതിയേ ഉള്ളൂ..കേരളം എന്നും കേന്ദ്രത്തോട് നന്ദികേട് മാത്രമേ കാണിക്കുന്നുള്ളൂ. എത്ര പറഞ്ഞാലും മനസ്സിലാവില്ല ഇവിടത്തെ ഇടതന്മാര്‍ക്ക്. മണിയടിച്ചു നിന്ന പലരും പലതും നേടി. കേരളം ഇപ്പോഴും കൊലവിളി മാത്രമേ നടത്തുന്നുള്ളൂ..അനുസരണ എന്നൊന്ന് തൊട്ട് തെറിച്ചിട്ടില്ല. ആസിയാന്‍ ആയാലും, വല്ലാര്‍പ്പാടം ആയാലും, പുതിയ എന്ത് കുരിശിറക്കിയാലും എതിര്‍ക്കും എന്നിട്ട് ചങ്ങലകെട്ടിയും മതിലു പണിതും പേടിപ്പിക്കാന്‍ നോക്കും! രാഹുല്‍ സാറ് പോക്കറ്റില്‍ നിന്ന് നയാപൈസ ചിലവാക്കാതെ (അങ്ങനെയെങ്കിലും ചിലവു ചുരുക്കലിനെ ഒന്നു മോടിപിടിപ്പിച്ചെടുക്കാം)കേരളത്തില്‍ ലാന്റ് ചെയ്തു. വന്നതു നല്ല കിടു വിമാനത്തില്‍, കേരളത്തിലെ സെറ്റപ്പൊന്നും തീരെ പിടിക്കാത്തത് കൊണ്ട് വരുമ്പോ ഒരു കാറും കൂടെ കൊണ്ടു പോന്നു. ഒരു ദുരന്തമുണ്ടായപ്പോ കേരള മുഖ്യന്‍ നെഞ്ചിലടിച്ചു വിളിച്ചു പറഞ്ഞിട്ടും ആന്റ്ണിസാര്‍ അനങ്ങിയോ? അങ്ങനെ കണ്ട അണ്ടനും അടകോടന്റെം ചവം പേറാനുള്ളതല്ല എന്റെ വിമാനങ്ങള്‍ എന്ന് പതിവ് ശൈലിയില്‍ വളച്ചൊടിച്ച് പറഞ്ഞില്ലേ. ഇങ്ങിനെ വേണം ! പറയാനുള്ളത് ഏത് മുഖ്യനോടും പറഞ്ഞേക്കണം. രാഹുല്‍ജിയുടെ കാമ്പസ് പര്യടനത്തിന് വെറും രണ്ടു കോടി മാത്രമേ ചിലവായുള്ളൂ. കേരളം കേന്ദ്രത്തോട് ഇനിയും നന്ദികേട് കാട്ടരുത്. ഭാവിയില്‍ ഇന്ത്യയെ നയിക്കേണ്ടവരെ തേടിയുള്ള യാത്രയിലാണ് രാഹുല്‍. അതിനേക്കാള്‍ വലുതാണോ ചത്തു മണ്ണടിഞ്ഞ കുറേ ഇരുകാലികള്‍! മാധ്യമപ്പട കോള്‍മയിര്‍ക്കൊള്ളട്ടേ...ബോട്ട് മുക്കിയത് ഇടത് മന്ത്രിസഭയാണെന്നും എഴുതട്ടേ...എന്നാലും കേന്ദ്രന്മാരുടെ ഇമ്മാതിരി തരംതാണ വേലകള്‍ക്ക് ചൂട്ടു പിടിക്കുന്നത് നിര്‍ത്തരുത്!

Saturday, October 3, 2009

മക്കള് ചൊറിഞ്ഞോണ്ടിരി!

കേന്ദ്രന്മാര്‍ വേന്ദ്രന്മാരാണെന്ന് അടിക്കടി തെളിയിച്ചോണ്ടിരിക്കുവാണ്. കെ.പി.സി.സി കുഞ്ഞാ‍ടുകളുടെ ഡയലോഗ് പ്രകാരം, 3 സംസ്ഥാനങ്ങളില്‍ തികച്ചില്ലാത്ത ക.മാ.പ (കമ്യൂണിസ്റ്റ് മാര്‍ക്സിസ്റ്റ് പാര്‍ട്ടി) എന്തുലത്തിയാലും ഇവിടെ ഒരു ചുക്കും സംഭവിക്കില്ല എന്നൊക്കെയാണ്. പക്ഷെ കഴിഞ്ഞ കുറച്ചു നാളുകളായി കേരളത്തിലെ പത്രങ്ങളായ പത്രങ്ങളിലൊക്കെ ഒന്നൊന്നര വലുപ്പത്തിലല്ലേ പരസ്യം, മലയാള രാജ്യത്തിലെ എഴുത്തും വായനയും അറിയുന്ന എല്ലാവരും അത് വായിച്ചു രസിച്ചു.എന്നിട്ട് തീരുമാനത്തിലുമെത്തി ആസിയാന്‍കരാര്‍ പോലൊരെണ്ണം സ്നേഹത്തോടെ തന്ന കോഗ്രസ് അണ്ണന്മാര്‍ തന്നെ സത്യം!അതു മാത്രമാണ് സത്യം! പരസ്യത്തിന്റെ ഉദ്ദേശ ശുദ്ധിയെ മാര്‍ക്സിസ്റ്റ് പാര്‍ട്ടി അല്ലാതെ വേറെ ആരും കുറ്റം പറയുകയുമില്ല! കുറേ നാളായി തങ്ങള്‍ക്ക് വേണ്ടി സര്‍ക്കസ് കളിക്കുന്ന മാധ്യമ പുംഗവന്മാര്‍ക്ക് കെ.പി.സി.സി അറിഞ്ഞ് നല്‍കിയ വഴിപാടാണീ പരസ്യ പ്രളയം എന്നൊക്കെ അസൂയലാക്കള്‍ പറഞ്ഞേക്കാം...പാര്‍ട്ടിപത്രം പരസ്യത്തിന്റെ സോഴ്സ് ഫയല്‍ അറബിക്കടലിലോട്ട് വലിച്ചെറിഞ്ഞെന്നൊക്കെയാണ് കേട്ടത്! രമേശും, സഹമന്ത്രിപ്പണി ഇപ്പൊ സഹികെട്ട വിഴുപ്പലക്കലാണെന്ന് തെളിയിച്ചോണ്ടിരിക്കുന്ന മുല്ലപ്പള്ളീ സാറും ഇളകരുത്. ഒരു പാലമിട്ടാല്‍ അങ്ങോട്ടും ഇങ്ങോട്ടും വേണ്ടേ...ആരെങ്കിലും വല്ലതും ചോദിച്ചു പോയാല്‍..ഫാ പുല്ലേ...കോടികള്‍കൊണ്ടമ്മാനമാടുന്ന സഹമന്ത്രിമാരും, ട്വിറ്റര്‍ ശശിമാരും ഭരിക്കുന്ന ഡെല്‍ഹിയെ നിനക്കറിയില്ലേ..ഉണ്ടചോറിന് നന്ദികാണിക്കാത്ത ഇടതന്മാരെ പോലാണോ കോഗ്രസ്കാരനെന്നൊരു കാച്ചും കാച്ചിയേക്കണം വെടിപ്പായിട്ട്!

സി.പി.എമ്മിന്റെ മതിലിന്റെ ദ്വാരം അളക്കാന്‍ ടേപ്പുമായി പോയ ചില ചേട്ടന്മാരൊക്കെ ആകെ ടെന്‍ഷന്‍ അടിച്ച് ഏത് പരുവത്തിലാണ് വാര്‍ത്തകളൊക്കെ കൊടുത്തത് എന്ന് ജനം കണ്‍കുളിര്‍ക്കെ കണ്ടു.കളവെഴുതുമ്പോഴും ഒരിത്തിരി സത്യം ഇടയ്കൊക്കെ വന്നു പോയത് കൊണ്ട് മാത്രം നാട്ടുകാര്‍ ഒതുങ്ങിയിരുന്നെന്ന് ആശ്വസിച്ചാല്‍ നന്ന്. എന്തൊക്കെയായിരുന്നു ബഹളം...150 രൂപയും ബിരിയാണീം.. ഇതാണത്രേ ഇക്കുറി സി.പി.എം കൊടുത്ത ഓഫര്‍. ചങ്ങലയില്‍ കണ്ണിയായാലുള്ള കൂലിയാണാത്രേ!ഓഫര്‍ കനത്തതായതു കൊണ്ട് ചങ്ങല മതിലായി.. ഇനി നാളെ ഇതൊക്കെ ചിലവഴിച്ചതിന്റെ സോഴ്സ് നോക്കി പോയിട്ട്..അതും ലാവലിന്റെ കണക്കില്‍ പിണറായി സഖാവിന്റെ ചങ്കിലോട്ട് തന്നെ വച്ചു കെട്ടാന്‍ ഒന്നു ട്രൈ പണ്ണറേന്‍!.

എന്തായാലും ചങ്ങല ഗംഭീരമായെന്ന് പല മാധ്യമങ്ങളുടെയും ഏനക്കേടില്‍ നിന്നും തന്നെ നാട്ടുകാര്‍ക്ക് മനസ്സിലായി.ഇതിനിടെ ചങ്ക് പിടച്ചുപോയെ ഒരു സംഭവം വേറെയുമുണ്ടായി.നമ്മുടെ സെബാസ്റ്റ്യന്‍ പോള്‍ ഡോക്ടറുടെ ചെയ്ത് തന്നെ! ഈ ചെയ്ത്ത് ഒരുമാതിരി ചെയ്ത്തായിപ്പോയി ഡോക്ടറേ! ഡോക്ടറും ചങ്ങലയിലെ ഒരു കണ്ണിയായിപ്പോയില്ലേ...ഇങ്ങേര്‍ക്കിതെന്തിന്റെ സൂക്കേടാണാ‍വോ? ഇനിയിപ്പോ ആരുടെ പേര് വച്ച് പരദൂഷണ മാമാങ്കം സംഘടിപ്പിക്കും! ഡോക്ടറും പിണറായിയും സൂക്ഷിച്ചോ...മാധ്യമങ്ങളെ പൊട്ടന്‍(ഇപ്പൊ അവരെന്താണെന്നൊന്നും ആരും ചോദിച്ചു കളയരുത്!) കളിപ്പിച്ചാല്‍ വിവരം അറിയും!

ഇളകിപ്പോയ കോട്ടക്കൊത്തളങ്ങളിലൊക്കെ ചങ്ങലയ്ക്ക് പകരം മതിലു തന്നെ പൊങ്ങി എന്നൊക്കെ കേട്ടാല്‍ ഏതു ഇളകാത്ത പേനയും ഒന്നിളകിപോകില്ലേ.ഏത് തുള്ളാത്ത മനവും തുള്ളി പോകില്ലേ! കേരളത്തിലെ ഇത്രം വല്യൊരു സെറ്റപ്പുള്ള പാര്‍ട്ടി ആസിയാന്‍ എന്ന ഒരു കോപ്പും പറഞ്ഞ് നാടുമൊത്തം ഇളക്കിയിട്ടും സത്യത്തിന്റെ നേര്‍മുഖങ്ങളായ ഒരു മാധ്യമങ്ങളും അതറിഞ്ഞത് പോലുമില്ല!പിതൃശൂന്യമായ” ഒരു പോസ്റ്റര്‍ കണ്ടാല്‍ പകലന്തിയോളം ചര്‍ച്ചകള്‍ സംഘടിപ്പിക്കുന്നവരുടെ നാവും കണ്ണും ഒക്കെ അടഞ്ഞുപോയി!എന്നാലും ഇങ്ങിനേം, ഇത്രേം കണ്ണുപൊട്ടന്മാരും ബധിരരും ഉള്ള നാടായിപ്പോയോ നമ്മുടേത്? “

നാട്ടിലെ കര്‍ഷകര്‍ മൊത്തം ചത്ത് മണ്ണടിഞ്ഞാലും...നിങ്ങളപ്പോഴും ചൊറിഞ്ഞോണ്ടിരിക്കണം; ചൊറിഞ്ഞു ചൊറിഞ്ഞു മടുക്കുമ്പോള്‍...എവിടെ മടുക്കാന്‍...പഠിച്ചതല്ലെ ചെയ്യാന്‍ പറ്റൂ...മക്കള് ചൊറിഞ്ഞോണ്ടിരി!

Sunday, September 27, 2009

ക്രൂശിതരേ ഇതിലേ ഇതിലേ...

എസ് കത്തി കൊണ്ട് കളിച്ചവരൊക്കെ പൊല്ലാ‍പ്പായി കിടക്കുവാണിപ്പോള്‍. ഏഷ്യാനെറ്റ് കൊല്ലന്റെ ആലയില്‍ പോയി കത്തി മിനുക്കുന്നത് ലൈവ് ആയി പകര്‍ത്തിയ മട്ടില്‍ പൊളപ്പന്‍ ഡയലോഗുമായി വന്നപ്പോള്‍ കൈരളി ചേട്ടന്മാര്‍ അടങ്ങിയിരിക്കുവോ? കൊല്ലനെയും കൊല്ലന്റച്ചനെയും അപ്പൂപ്പന്മാരെയും ഒക്കെ നിരത്തി നിര്‍ത്തി ക്ഷ, ണ്ണ എന്നെഴുതിച്ചിട്ടേ അവരും വിട്ടുള്ളൂ..
എല്ലാ ദിവസവും രണ്ട് നേരം കുളിക്കുകയും ഒരു മൂന്നു പത്രമെങ്കിലും വായിക്കുകയും ചെയ്യുന്ന പാവം മലയാളി എന്തു പിഴച്ചു...പുലര്‍ച്ച എണീറ്റ് ശോധനയ്ക്കൊരു കട്ടനും അടിച്ച് തിരിഞ്ഞു നോക്കിയപ്പോള്‍ മലയാള ഭാഷയെ സ്നേഹിക്കുന്ന സര്‍വ്വ മനുഷ്യരും ചെവിയില്‍ ചെമ്പരത്തിപ്പൂവും വച്ച് തലയും ചൊറിഞ്ഞോണ്ട് നടക്കുന്ന കാഴ്ചയാണ് കാണേണ്ടി വരുന്നത്. അമ്മാതിരി അമിട്ടല്ലേ ഒരോ ദിവസവും പൊട്ടിക്കുന്നത്!

സ്വദേശാഭിമാനിയെ നാടുകടത്തിയ മഹാന്മാരും പിന്മുറക്കാരുമൊക്കെ മലയാളത്തിലെ സൌന്ദര്യധാമങ്ങളായ മാധ്യമ പ്രണയിനികളോടൊത്ത് തേക്കുംകാട്ട് മൈതാനത്തും, പ്രസ് ക്ലബ്ബിലും ഒക്കെ പാത്തും പതുങ്ങിയും നടക്കുന്നത് കാണുമ്പോള്‍ എന്‍ പ്രാണന്‍ കോള്‍മയിര്‍ കൊണ്ടെന്നു പറഞ്ഞു പോയാല്‍...അത് തെറ്റാവില്ല!ഇതൊക്കെ ഉറക്കെ വിളിച്ചു പറയാന്‍ ഇപ്പൊ ഒരു പേടിയാ... പിണറായിയുടെ ചാവേര്‍ എന്നും വിളിച്ചു പേന വച്ച് ചുരണ്ടിക്കളഞ്ഞാലോ!!

ഒരുകാര്യം സത്യാണെന്നിപ്പോ എല്ലാര്‍ക്കും മനസ്സിലായി...കേരളത്തില്‍ മാധ്യമ സിണ്ടിക്കേറ്റ് എന്നൊരു സംഭവമേ ഇല്ല. കാരണം ഒരു പാവം ദേശാഭിമാനിയും (അതും ബോണ്ടിന്റെയും പോളിന്റെയും സ്വന്തം) കൈരളിയും ഒഴിച്ചാല്‍ സര്‍വ്വരും ഒരേ വാര്‍ത്ത വെടിപ്പോടെ കൊടുക്കുമ്പോള്‍...എന്തതിശയമേ ദൈവത്തിന്‍ സ്തുതിയേ എന്ന് കണ്ണൂം പൂട്ടി വിളിക്കുന്നതാ സെയ്ഫ്. ഇതൊക്കെ പറഞ്ഞാല്‍ ഇവിടാര്‍ക്കെങ്കിലും മനസ്സിലാവണ്ടേ...നമ്മുടെ ഡോകടറുടെ വാക്ക് കടമെടുത്താല്‍ കോടതിയും ഇപ്പൊ പിണറായിയുടെ ചാവേറായോ ആവോ? മാധ്യമങ്ങള്‍ അവരു പണി ചെയ്യണമെന്ന് കോടതി പറഞ്ഞത്, വീറുറ്റ മാധ്യമ പുലികള്‍ കണ്ടില്ലെങ്കിലും മറ്റു പലരും കണ്ടു. പണ്ട് ഒരു പാര്‍ട്ടി കമ്മറ്റിയില്‍ മോന്റെ പേര്‍ നിര്‍ദേശിക്കുന്നതിന് തൊട്ടു മുന്നെ ഒരു അച്ഛനു വന്ന മൂത്ര ശങ്ക കേരളത്തിലെ സര്‍വ്വ പുലികള്‍ക്കും ഒരേ സമയത്ത്! അവരൊന്നും കണ്ടില്ല കേട്ടില്ല! അതിന്റെ പിറ്റേന്ന് പിണറായി സഖാവും ഒരിത്തിരി കൂടി കടന്ന് ചോദിച്ചു...നിങ്ങള്‍ക്കെന്താ കൊമ്പുണ്ടോ?...ഉത്തരമായി പറയാന്‍ സത്യത്തിന്റെ കൊമ്പൊന്നും തപ്പി നോക്കിയിട്ട് പൊടിയ്ക്കു പോലും കാണാഞ്ഞപ്പോള്‍ തലയില്‍ നിക്കറുമിട്ട്, അന്തിക്കമ്മിറ്റി കൂടി ലവനെ എഴുതി നാറ്റിച്ചു കളഞ്ഞാലോ എന്നാ‍യി ആലോചന!

അങ്ങനെ പൊല്ലാപ്പുകള്‍ ഒക്കെ ഉണ്ടാക്കിയിട്ട് നമ്മുടെ നാലാം തൂണ്‍ നെടും തൂണായി...എസ് കത്തിയും കാരീ കൂരീ തുടങ്ങിയ ഉഗ്രജീവികളും പത്രത്തിന്റെ ഏക്കര്‍ കണക്കിന്‍ പുറമ്പോക്ക് കയ്യേറിയിട്ടും, പേരിനെങ്കിലും, നമ്മുടെ പോളച്ചനെന്തിനാ ഗുണ്ടാപടയെ കൂട്ടി വേട്ടയ്ക്കിറങ്ങിയതെന്ന് ഒരു സര്‍വ്വേരി കുറ്റി പോലെയെങ്കിലും നാട്ടാന്‍ ഒരാള്‍ക്കും തോന്നാതിരുന്നതും നേരത്തെ പറഞ്ഞ സിണ്ടിക്കേറ്റ് പരിപാടി തീരെ ഇല്ലാതിരുന്നത് കൊണ്ട് തന്നെ!

ഇതൊക്കെ കഴിഞ്ഞപ്പോഴാണ്, അമൃതവര്‍ഷം പോലെ വേറോരു പോളിനെ കിട്ടിയത്...തിരിച്ചും മറിച്ചും ഉരച്ചും നോക്കി...പണ്ട് പിണറായിയും കൂട്ടരും കൊണ്ടു നടന്ന ഒറിജിനല്‍ പോള്‍ തന്നെയല്ലേ ഇതെന്ന്! പിന്നെ കാരി കൂരിയൊക്കെ ഔട്ട്! ചിലര്‍ക്കങ്ങനെയാ..കിട്ടരുതാത്തത് കിട്ടിക്കൊണ്ടിരിക്കുമ്പോള്‍ അസ്കിത കൂടും. പണ്ട് എം,എന്‍ വിജയന്മാഷിനെ കൊണ്ട് ചക്രശ്വാസം വലിപ്പിച്ച അതേ ലൈനിലാണ് ജനാധിപത്യത്തെ പാര്‍ട്ടിയെന്ന ചട്ടക്കൂടിനുള്ളില്‍ നിന്നും മോചിപ്പിക്കാനിറങ്ങിയ മാധ്യമ പുംഗവന്മാര്‍ സെബാസ്റ്റ്യന്‍ പോളിനെക്കൊണ്ടും പറയിപ്പിച്ചു കൊണ്ടിരിക്കുന്നത്.മാധ്യമങ്ങളെ മേശയില്‍ ആണീയിട്ടുറപ്പിച്ച് ഡിസക്ഷന്‍ ചെയ്തു പഠിച്ച ഡോക്ടര്‍ക്ക് ഈ കളിയുടെ പിന്നാമ്പുറം അറിയാഞ്ഞിട്ടാണോ?

കോടിയേരി പോലീസ്, ഒറ്റ കാര്യമേ പറഞ്ഞുള്ളൂ...ലോകത്തിലെ സര്‍വ്വതിന്റെയും തെളിവുകള്‍ ഉണ്ടെന്നും പറഞ്ഞു ലക്ഷക്കണക്കിനു കോപ്പി സര്‍ക്കുലേഷനുണ്ടെന്നു പറഞ്ഞ് (ആടും പശുവും തിന്നെന്നോ തിന്നില്ലേന്നോ ഒക്കെ പറഞ്ഞ്) നടക്കുന്നവരുടെ കൈയില്‍ നിന്നും കേസുകള്‍ക്കുള്ള തെളിവുകള്‍ സ്വീകരിക്കാനുള്ള ഒരു സെറ്റപ്പ് ഉണ്ടാക്കണം. അതു കേട്ടപ്പോ, തുടങ്ങിയില്ലേ ഇളക്കം. ഇല്ലാത്ത തെളിവ് എവിടുന്നുണ്ടാക്കാന്‍?

കാരണവര്‍ക്ക് അടുപ്പിലും തൂറാം, എന്നാക്കിക്കൂടെ ഇനി മലയാള മാധ്യമങ്ങളുടെ ടേഗ് ലൈന്‍!

Tuesday, September 22, 2009

തോന്ന്യാക്ഷരങ്ങള്‍

തോന്നുന്നത് തോന്നുമ്പോള്‍ എഴുതി തകര്‍ക്കാനുള്ള ഇടം...അതിനെ ചിലര്‍ തോന്ന്യാസം എന്നോ ഇത്തിരൂടെ പരിഷ്കരിച്ച് തോന്ന്യാക്ഷരക്കൂട്ടങ്ങളെന്നോ ഒക്കെ വിളിച്ചേക്കാം...പിന്നെ ചില സൊയമ്പന്‍ കക്ഷികള്‍ എഴുതി വെക്കുന്നപോലെ, ഓരോ പോസ്റ്റിന്റെം മൂട്ടില്‍ ഇതിലെ കഥയും കഥാപാത്രങ്ങളും തികച്ചും സാങ്കല്പികമാണെന്നൊന്നും അപ്പിയിടാന്‍ നേരമില്ലാത്തതും കൊണ്ട്, ആ കഥാപാത്രങ്ങളോ അവയെ അറിയുന്നവരോ നമുക്കിട്ട് ലീഗല്‍ പാര പണിയരുതെന്ന് മാത്രം കുറ്റിയില്‍ പലകയടിച്ച് ഇവിടെ കെട്ടി തൂക്കുന്നു! പല ഡോട്ട് കോം സൈറ്റുകളും അടിച്ചു മാറ്റല്‍ വിദ്യയില്‍ പ്രാവീണ്യം തെളിയിച്ചു കൊണ്ടിരിക്കുന്നതു കൊണ്ടും, ചില ബ്ലോഗര്‍ ചേട്ടന്മാരും ചേച്ചിമാരും ഉറക്കമൊഴിച്ചിരുന്ന് ചൈനീസ് ബാറ്റ് വച്ച് ഈച്ചയെ പെടക്കുന്ന ലാഘവത്തോടെ അവരുടെ കരണകുറ്റിക്കിട്ട പെടക്കുന്നതും കണ്ട് വളര്‍ന്നതു കൊണ്ട് കോപ്പീറൈറ്റിഗ്, അടിച്ചു മാറ്റല്‍ ഇമ്മാതിരി വാക്കുകള്‍ കേള്‍ക്കുമ്പോഴേ ഒരു അസ്കിത...ഞാന്‍ ഇതൊന്നും ചെയ്യില്ല, വെറുതെ കൊതിപ്പിച്ച് എന്നെക്കൊണ്ടിതൊന്നും ചെയ്യിക്കരുത്..പ്ലീസ്!